രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. 20,903 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ കണക്കാണിത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6.25 ലക്ഷമായി. 379 പേര്‍ 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് 18,213 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

2.27 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3.79 ലക്ഷം പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ 1.86 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8178 പേര്‍ മരിക്കുകയും ചെയ്തു. 

ഡല്‍ഹിയില്‍ 92175 രോഗബാധിതരാണുള്ളത്. 2864 മരണം രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 98,392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 1321 മരണവും 33,913 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1886 പേര്‍ മരിക്കുകയും ചെയ്തു. 

ഉത്തര്‍പ്രദേശില്‍ 735 മരണവും പശ്ചി മബംഗാളില്‍ 699 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകത്തില്‍ 18,016 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 272 പേര്‍ മരിച്ചു. കേരളത്തില്‍ 4753 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 2090 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 25 പേര്‍ മരിച്ചു.